കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം- പ്രധാനമന്ത്രി
April 30, 2022 4:20 pm
0
ന്യൂഡെല്‍ഹി: കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യമുള്ള വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അവകാശവും പങ്കാളിത്തവും ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസത്തിലും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
നിയമങ്ങളിലെ സങ്കീര്‍ണതകളെയും കാലഹരണപ്പെടലിനെയുംകുറിച്ചുൃ സംസാരിച്ച പ്രധാനമന്ത്രി അപ്രസക്തമായ 1800 നിയമങ്ങള്‍ 2015-ല്‍ തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് 1450 നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതായും അറിയിച്ചു. ഇത്തരം 75 നിയമങ്ങള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ ഇതുവരെ നീക്കം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരോടും തങ്ങളുടെ സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്കും അവരുടെ സുഗമമായ ജീവിതത്തിനും വേണ്ടി സമാന നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത്, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പ്രൊഫ. എസ് പി സിംഗ് ബാഗല്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.