Monday, 21st April 2025
April 21, 2025

ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

  • April 27, 2022 3:38 pm

  • 0

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാനും അതിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാനും ഞങ്ങള്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ ഇതിന്‍റെ ഗുണം ജനങ്ങള്‍ക്കു നല്‍കിയില്ല. ഇതുമൂലം ഈ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ഇതു സ്വാധീനം ചെലുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, ആരെയും വിമര്‍ശിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്കു വേണ്ടി ഈ വിഷയം മുന്നോട്ടുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.