കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്
April 27, 2022 10:40 am
0
ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുക.
രാജ്യത്ത് നാലാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയേക്കും.
ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും. 12 വയസിന് മുകളിലുള്ള കുട്ടികളുടെയും ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെയും വാക്‌സിനേഷന്‍ മന്ദഗതിയില്‍ തുടരുന്നതില്‍ കേന്ദ്രത്തിന് ആശങ്ക ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
മാസ്‌ക് ഉള്‍പ്പെടെയുള്ള അവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സംസ്ഥാനങ്ങള്‍ അത് തിരികെ കൊണ്ടുവരണമെന്ന നിര്‍ദേശവും പ്രധാനമന്ത്രി യോഗത്തില്‍ മുന്നോട്ട് വയ്ക്കും. പരിശോധന വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവരും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് രണ്ട് വാക്‌സിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള കുത്തിവെപ്പിന് ഉടന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും.