Friday, 24th January 2025
January 24, 2025

ട്രെയിന്‍ യാത്രയ്ക്കിടെ പണവും രേഖകളും നഷ്ടപ്പെട്ട സങ്കടത്തില്‍ സന്തോഷ് കീഴാറ്റൂര്‍

  • November 18, 2019 4:00 pm

  • 0

ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്റെ ക്രൂരതയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂരും. കഴിഞ്ഞദിവസം രാത്രിഎറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായതായാണ് സന്തോഷിന്റെ പരാതി. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

തുരന്തോ എക്‌സ്പ്രസില്‍ ടു ടയര്‍ എസി കമ്ബാര്‍ട്‌മെന്റിലായിരുന്നു സംഭവം. എന്റെ കയ്യില്‍ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റില്‍ വച്ച്‌ ബാത്ത്‌റൂമില്‍ പോയി. തിരിച്ച്‌ വന്നപ്പോള്‍ ബാഗ് കാണാനില്ല. അപ്പോള്‍ തന്നെ ടിടിആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പരാതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാല്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പഴ്‌സ്, കുറച്ചു പണം എന്നിവ ബാഗില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി ആര്‍പിഎഫുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകള്‍ തിരിച്ചു നല്‍കിയാല്‍ മതി.’- സന്തോഷ് കീഴാറ്റൂര്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെ.

കഴിഞ്ഞ ആഴ്ചയില്‍ ട്രെയിനില്‍ വെച്ച്‌ കള്ളന്‍ ബാഗ് മോഷ്ടിച്ചതോടെ ജീവിതം തന്നെ തുലാസിലായ വിഷ്ണു എന്ന യുവാവിന് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള ബാഗ് തിരികെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് കീഴാറ്റൂരും തനിക്കും സമാനമായ അനുഭവം ഉണ്ടായതായുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സന്തോഷും സുമനസുകളുടെ സഹായം തേടുകയാണ്, തന്റെ വിലപ്പെട്ട രേഖകള്‍ തിരികെ ലഭിക്കാന്‍.