Thursday, 23rd January 2025
January 23, 2025

ജഹാംഗീര്‍പുരിയില്‍ വിലക്ക് തുടരും; സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവതരം- സുപ്രീംകോടതി

  • April 21, 2022 1:42 pm

  • 0

ന്യൂഡല്ഹി: ഡല്ഹി ജഹാംഗീര്പുരിയില് കെട്ടിടങ്ങള് പൊളിച്ചുനീക്കുന്നതില് തല്സ്ഥിതി തുടരാന് സുപ്രീം കോടതി ഉത്തരവിട്ടു.ഹര്ജികള് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.കെട്ടിടങ്ങള് പൊളിക്കുന്നതിനെതിരെ ജമാ അത്ത് ഉലമ ഐ ഹിന്ദ് സംഘടനയാണ് ഹര്ജി നല്കിയത്. കോടതി ഉത്തരവിട്ടിട്ടും പൊളിക്കല് തുടര്ന്നത് ഗൗരവ തരമാണ്. നോര്ത്ത് ഡല്ഹി മുനിസിപ്പല് കോര്പ്പറേഷനടക്കം എതിര് സത്യവാങ്മൂലം നല്കണമെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഹനുമാന് ജയന്തി ദിനത്തില് സംഘര്ഷമുണ്ടായ സ്ഥലത്തു നടക്കുന്ന ഒഴിപ്പിക്കല് നടപടികള് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിഭാഷകന് അറിയിച്ചു.

ജഹാംഗീര്പുരിയില് പൊളിച്ച കെട്ടിടങ്ങള്ക്ക് നഷ്ടപരിഹാരം നല്കണമെന്നാണ് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന് പി.വി സുരേന്ദ്രനാഥ് കോടതിയില് ആവശ്യപ്പെട്ടത്. നിര്ത്താന് ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല് നടപടികള് തുടര്ന്നുവെന്നും അദ്ദേഹം അറിയിച്ചു.

അനധികൃത കൈയേറ്റം ആരോപിച്ച്‌ മുന്നറിയിപ്പില്ലാതെ ന്യൂനപക്ഷങ്ങളുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും ബുള്ഡോസര്കൊണ്ട് ഇടിച്ചുനിരത്താനുള്ള വടക്കന് ഡല്ഹി കോര്പറേഷന്റെ നടപടി ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില് ഇന്നലെ തടഞ്ഞിരുന്നു.പൊളിക്കലിനെതിരായ അടിയന്തര ഹര്ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന് വി രമണ അധ്യക്ഷനായ ബെഞ്ച് ബുധന് രാവിലെ 10.45ന് നടപടി നിര്ത്തിവയ്ക്കാന് ഉത്തരവിട്ടിട്ടും അതിനുശേഷം രണ്ടു മണിക്കൂറോളം തച്ചുതകര്ക്കല് തുടരുകയായിരുന്നു

ഇവിടെയുള്ള മുസ്ലിംപള്ളിയുടെ ഗേറ്റും അതിര്ത്തിയിലെ ചെറുഭിത്തിയും നിലംപരിശാക്കി. അടുത്തുള്ള കടകളും തകര്ത്തു. പകല് പന്ത്രണ്ടോടെ ബൃന്ദ കാരാട്ട് എത്തി ബുള്ഡോസറുകള് തടഞ്ഞു. ബൃന്ദയെ തടയാന് പൊലീസ് ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് ഉയര്ത്തിക്കാട്ടിയതോടെ പിന്വാങ്ങി.ബൃന്ദയുടെ നേതൃത്വത്തില് പാര്ടി പ്രവര്ത്തകരടങ്ങിയ സംഘം ബുള്ഡോസറുകള്ക്കു മുന്നില് കുത്തിയിരുന്നു. പ്രദേശവാസികള് സമാധാനം പാലിക്കണമെന്ന് ബൃന്ദ ആഹ്വാനംചെയ്തു. തുടര്ന്ന്, കോര്പറേഷന് അധികൃതരുമായും ഡല്ഹി നോര്ത്ത് സ്പെഷ്യല് കമീഷണര് ദീപേന്ദ്ര പതക്കുമായും ചര്ച്ച നടത്തി. ഉടന് കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ബുള്ഡോസറുകള് മാറ്റിയത്.

ബിജെപി ഭരണത്തിലുള്ള കോര്പറേഷന്റെ നടപടി കോണ്ഗ്രസും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്ടിയും കൈയ്യുംകെട്ടി നോക്കവെയാണ് പ്രദേശവാസികള്ക്ക് ആശ്വാസമേകി സിപിഐ എമ്മിന്റെ ശക്തമായ ഇടപെടലുണ്ടായത്. ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാംഗിര്പുരിയിലെ പള്ളിക്കുനേരെ ബജ്രംഗ്ദളുകാര് ആക്രമണം നടത്തിയതോടെയാണ് സംഘര്ഷമുണ്ടായത്. മുഖ്യസൂത്രധാരനും ബിജെപിക്കാരനുമായ അന്സാര് അടക്കമുള്ളവരുടെ പങ്കും പുറത്തുവന്നു.

ഇതോടെ, കുറ്റാരോപിതരുടെ അനധികൃത നിര്മാണംപൊളിക്കണമെന്ന് ബിജെപി ഡല്ഹി സംസ്ഥാന പ്രസിഡന്റ് അദേഷ് ഗുപ്ത കത്തുനല്കി. രാവിലെ പത്തോടെ ഒമ്ബത് ബുള്ഡോസറുമായി എത്തി അധികൃതര് ഒഴിപ്പിക്കല്തുടങ്ങി. അഞ്ഞൂറിലധികം പൊലീസുകാര് പ്രദേശത്തെ വഴിയടച്ചു. 1977ല് ലൈസന്സ് ലഭിച്ച ജ്യൂസ് കടയടക്കം പതിറ്റാണ്ടുകളായി പ്രവര്ത്തിച്ചിരുന്ന സ്ഥാപനങ്ങള് ഇടിച്ചുനിരത്തി. ഉന്തുവണ്ടികള്, കുടിവെള്ള പൈപ്പുകള് തുടങ്ങിയവയും തകര്ത്തു.