ടീമിലെ താരത്തിന് കോവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാറന്റീനില്‍; ഐപിഎല്ലില്‍ കോവിഡ് പിടിമുറുക്കുന്നു?
April 18, 2022 4:08 pm
0
കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികളെല്ലാം മറികടന്ന് ആരംഭിച്ച ഐപിഎല്‍ 15-ാ൦ സീസണില്‍ കോവിഡ് കേസുകള്‍ പ്രത്യക്ഷപ്പെടുന്നു.ടൂര്‍ണമെന്റ് പുരോഗമിക്കവേ ഡല്‍ഹി ക്യാപിറ്റല്‍സിലെ (Delhi Capitals) ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം ഒന്നടങ്കം ക്വാറന്റീനിലായി. ഇതോടെ ബുധനാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള ഡല്‍ഹിയുടെ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ടീമില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച പൂണെയിലേക്കുള്ള യാത്ര ഡല്‍ഹി റദ്ദാക്കിയതായി ഓണ്‍ലൈന്‍ സ്പോര്‍ട്സ് പോര്‍ട്ടലായ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീം രണ്ട് ദിവസം ക്വാറന്റീനില്‍ ആയിരിക്കും. ഈ ദവസങ്ങളില്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
നേരത്തെ, ടീം ഫിസിയോയായ പാട്രിക് ഫര്‍ഹാര്‍ട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ മറ്റൊരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ബുധനാഴ്ച പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.
ബിസിസിഐ ചട്ടങ്ങള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് ടീമുകള്‍ക്ക് താരങ്ങളെ ഇറക്കാനാകാത്ത സാഹചര്യത്തില്‍ മത്സരം മാറ്റിവയ്ക്കും. തുടര്‍ന്നും മത്സരം നടത്താനാകാത്ത സാഹചര്യമുണ്ടായാല്‍ ഐപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.