വാളയാര്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
November 18, 2019 12:00 pm
0
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടി.
കേസിന്റെ അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അനുകൂല നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. വീഴ്ച സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി എ.കെ.ബാലനും അറിയിച്ചിരുന്നു.