Thursday, 23rd January 2025
January 23, 2025

ലഖിംപൂ‌ര്‍ ഖേരി കേസ്; കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി, ഒരാഴ്‌ചയ്ക്കകം കീഴടങ്ങണം

  • April 18, 2022 11:46 am

  • 0

ലക്‌നൗ: ലഖിംപൂ‌ര്‍ ഖേരി കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി.ആശിഷ് ഒരാഴ്‌ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയാണ് ആശിഷിന് ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

ഒക്ടോബര്‍ മൂന്നിനാണ് നാല് കര്‍ഷകരുള്‍പ്പടെ എട്ട് പേര്‍ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ടത്. ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍, രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് നാല് പേര്‍. ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.