Thursday, 23rd January 2025
January 23, 2025

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച്‌ അപകടം; മരണം മൂന്നായി

  • April 12, 2022 11:32 am

  • 0

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.

40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യോമസേന, കരസേന, ദേശീയ ദുരന്ത നിവാരണ സേനകളൊക്കെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറയുന്നു. 4 കേബിള്‍ കാറുകളിലായാണ് കുട്ടികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ മണിക്കൂറുകളായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്.