Thursday, 23rd January 2025
January 23, 2025

ആന്ധ്ര‍ാപ്രദേശിയില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം; ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു

  • April 12, 2022 10:05 am

  • 0

അമരാവതി : ആന്ധ്രാപ്രദേശില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയോടെ ശ്രീകാകുളം ബട്ടുവ ചീപ്പുരുപള്ളി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു.

സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.