Thursday, 23rd January 2025
January 23, 2025

ചാഹലിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം; ആജീവനാന്തം വിലക്കണമെന്ന് ശാസ്ത്രി

  • April 9, 2022 2:42 pm

  • 0

മുംബൈ: മദ്യപിച്ചു ലക്കു കെട്ട സഹകളിക്കാരന്‍ തന്നെ ബാല്‍ക്കണിയില്‍നിന്നു താഴേക്കു തൂക്കിപ്പിടിച്ചു എന്നുള്ള യുസ്‌വേന്ദ്ര ചാഹലിന്‍റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഞെട്ടലും വന്‍ ചര്‍ച്ചയുമായി മാറുന്നു.

2013ല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ആയിരിക്കുന്പോഴാണ് സഹകളിക്കാരന്‍ തന്നെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു തൂക്കിപ്പിടിച്ചതെന്നു ചാഹല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കളിക്കാരന്‍റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല.

വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്നു ചാഹലിനോട് ആവശ്യപ്പെട്ടു. ഇതു ഞെട്ടിക്കുന്ന സംഭവം ആണെന്നും താരത്തിന്‍റെ പേര് വെളിപ്പെടുത്തുക തന്നെ വേണമെന്നും മുന്‍ താരം വീരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തു.

ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ ആണെന്നും സുബോധമില്ലാതെ ഇത്തരത്തില്‍ പെരുമാറിയ താരത്തിന് ആജീവനാന്ത വിലക്ക് നല്‍കുകയാണ് വേണ്ടെതെന്നും മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പ്രതികരിച്ചു.

ആരുടെയെങ്കിലും ജീവന്‍ അപകടത്തില്‍ ആക്കിയിട്ടു തമാശ കാണിക്കുന്നതു ഒട്ടും ശരിയല്ല. എനിക്കിത് തമാശയായി തോന്നുന്നതേയില്ല. ഇതു പോലെൊരു സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഇങ്ങനെ ചെയ്ത ആള്‍ക്കു ചികിത്സ ആവശ്യമുണ്ട്. ഇങ്ങനെയുള്ളവരെ ക്രിക്കറ്റ് മൈതാനത്തേക്ക് അടുപ്പിക്കരുത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ അപ്പോള്‍ തന്നെ അധികാരികളെ അറിയിക്കുകയാണ് വേണ്ടത് ഇഎസ്പിഎന്‍ ചാനല്‍ പരിപാടിയില്‍ ശാസ്ത്രി പറഞ്ഞു.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് അംഗമായ ചാഹല്‍ സഹതാരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, കരുണ്‍ നായര്‍ എന്നിവരോടു സംസാരിക്കവേയാണ് 2013ല്‍ നടന്ന അനിഷ്ടകരമായ സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിടുകയായിരുന്നു.

2013ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കു ബംഗളൂരുവില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനു ശേഷം ഒരു ഒത്തുചേരല്‍ നടന്നു. അമിതമായി മദ്യപിച്ച ഒരു കളിക്കാരന്‍ ഉണ്ടായിരുന്നു. അയാളുടെ പേരു ഞാന്‍ പറയുന്നില്ല. അയാള്‍ വളരെ മദ്യപിച്ചിരുന്നു. അവന്‍ എന്നെ നോക്കി, അടുത്തേക്കു വിളിച്ചു. തുടര്‍ന്ന് അയാള്‍ എന്നെ ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി. എന്നെ താഴേക്കു തൂക്കിപ്പിടിച്ചു. താഴേക്കു വീഴുമെന്ന പ്രാണഭയത്താല്‍ ഞാന്‍ അയാളെ ചുറ്റിപ്പിടിച്ചു.

പതിനഞ്ചാം നിലയുടെ മുകളിലായിരുന്നു ഈ സംഭവം നടന്നത്. പെട്ടെന്ന് അവിടെയുണ്ടായിരുന്ന കുറെപ്പേര്‍ ഒാടിവന്ന് എന്നെ വലിച്ചുകയറ്റി. ഞാന്‍ ആകെ തളര്‍ന്നുപോയിരുന്നു. അവര്‍ എനിക്കു കുടിക്കാന്‍ വെള്ളം തന്നു. ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ താഴേക്കു പതിക്കുമായിരുന്നു. പിടിച്ചുകയറ്റിയപ്പോഴും എന്‍റെ വിറയല്‍ മാറിയിരുന്നില്ല. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.