Wednesday, 22nd January 2025
January 22, 2025

ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും

  • April 9, 2022 10:37 am

  • 0

ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും.രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ പാക് സര്‍ക്കാരിനെ യുഎസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ജനങ്ങളോട് തെരുവിലിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം പോരാട്ടത്തില്‍ പങ്ക് ചേരുമെന്നും പറഞ്ഞു.

സഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇമ്രാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച്‌ അവിശ്വാസം നേരിടണമെന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വന്‍ തിരിച്ചടിയായിരുന്നു.

പാര്‍ലമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ 9ന് സഭ വിളിച്ചുചേര്‍ക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു. നേരത്തെ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.