എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം; വന്‍ പ്രഖ്യാപനം നടത്തി ആര്‍ബിഐ
April 8, 2022 12:47 pm
0
ന്യൂഡല്‍ഹി| ബേങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയുടെ സഹായത്തോടെ ഏത് ബേങ്കിന്റെയും എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബേങ്കുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ യുപിഐ ഉപയോഗിച്ച് എല്ലാ ബേങ്കുകളിലും എടിഎം നെറ്റ് വര്‍ക്കുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിലൂടെ സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ്, ഉപകരണത്തില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എന്‍പിസിഐ, എടിഎം നെറ്റ് വര്‍ക്കുകള്‍, ബേങ്കുകള്‍ എന്നിവയ്ക്ക് ആര്‍ബിഐ ഉടന്‍ നിര്‍ദേശങ്ങള്‍ നല്‍കും.