‘കടുത്ത രാജ്യവിരുദ്ധത’: 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം
April 6, 2022 10:39 am
0
ഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം.ഒരു വാര്‍ത്താ വെബ്സൈറ്റിനെയും വിലക്കിയിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയാണെന്നും അധികൃതര്‍ വിശദീകരിച്ചു. മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്കും ചാനലുകള്‍ക്കും എതിരെ ഒരുമിച്ച് നടപടി വരുന്നിരിക്കുന്നത്.
എആര്‍പി ന്യൂസ്, എഒപി ന്യൂസ്, എല്‍ഡിസി ന്യൂസ്, സര്‍ക്കാരി ബാബു, എസ്‌എസ് സോണ്‍ ഹിന്ദി, സ്മാര്‍ട്ട് ന്യൂസ്, ന്യൂസ് 23, കിസാന്‍ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് പൂട്ടുവീണത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദുനിയാ മേരീ ആഗെ എന്ന ന്യൂസ് വെബ്സൈറ്റും യൂ ട്യൂബ് ചാനലും നിരോധിച്ചു. ദേശസുരക്ഷ, സമാധാനാന്തരീക്ഷം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്.