Monday, 21st April 2025
April 21, 2025

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടിത്തം; ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

  • March 30, 2022 2:14 pm

  • 0

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓലയ്‌ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു.

പൂനെയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഒകിനവയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചതും അന്വേഷിക്കും.

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നത് ഗൗരവമായാണ് കേന്ദ്രം കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ ഇ സ്‌കൂട്ടറില്‍ നിന്ന് അകറ്റുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. ഇതിനോട് ഓല പ്രതികരിച്ചിട്ടില്ല.

ഓല എസ്1 പ്രോ ആണ് അഗ്‌നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഓല അറിയിച്ചു. ആദ്യം സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് സ്‌കൂട്ടര്‍ ആകെ അഗ്‌നി വിഴുങ്ങുകയാണ്. ഓല സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആളുകള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പലരും ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.