ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ; നൂറ് കോടി ഡോളര്‍ കൂടി വായ്പ പ്രഖ്യാപിച്ചു; നന്ദി അറിയിച്ച് പ്രസിഡന്റ്
March 29, 2022 12:05 pm
0
കൊളംബോ: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളര്‍ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നല്‍കുന്നത്.
കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് സാമ്ബത്തിക സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ ശ്രീലങ്കയിലെത്തിയത്.
ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ ഈ പ്രതിസന്ധി നേരിടാന്‍ സാമ്ബത്തിക സഹായം നല്‍കുന്നതിന് ഇന്ത്യയോട് നന്ദി അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പ് ഇറക്കി. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്ബുകളും പുറത്തിറക്കുന്നതുള്‍പ്പടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയെ സന്ദര്‍ശിച്ചുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ സഹകരണം എന്നും രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതായി ട്വീറ്റില്‍ പറയുന്നു.
ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള ഏഴു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ എക്കണോമിക് കോ ഓപ്പറേഷന്‍ (ബിംസ്‌റ്റെക്) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമായി ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കയില്‍ എത്തിയത്. ബുധനാഴ്ച നടക്കുന്ന ഉച്ചകോടിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യും.
ജനുവരി പകുതി മുതല്‍ കറന്‍സി കൈമാറ്റം, തിരിച്ചടവ്, ഇന്ധനം വാങ്ങുന്നതിനും അവശ്യ ഇറക്കുമതികള്‍ക്കുമായി വായ്പകള്‍ എന്നിവയുടെ രൂപത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സാമ്ബത്തിക ആശ്വാസം നല്‍കി വരികയാണ്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പണപ്പെരുപ്പം 15.1 ശതമാനത്തിലെത്തിയതോടെ ഭക്ഷ്യ വിലപ്പെരുപ്പം 25.7 ശതമാനമായി ഉയരുകയും ചെയ്തു. ഇന്ധനവിലയും താങ്ങാന്‍ ആവുന്നതിന് അപ്പുറമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഈ മാസം ആദ്യം ലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് രൂപയുടെ മൂല്യം ഉയര്‍ത്തിയതോടെ രാജ്യത്തെ കറന്‍സി 30 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഡോളറിന് 275 രൂപ എന്ന നിരക്കില്‍ എത്തി. ഒരു കപ്പ് പാലിന്റെ വില ഹോട്ടലുടമകള്‍ 100 രൂപയായി ഉയര്‍ത്തി. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്കയ്ക്ക് രണ്ടായിരം ടണ്‍ അരി നല്‍കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഒപ്പം 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.