യു.പി മുഖ്യമന്ത്രിയായി യോഗി ആദിഥ്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍
March 25, 2022 4:53 pm
0
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് അധികാരമേറ്റത്.
ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബ്രജേഷ് പതക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവരെ കൂടാതെ 50 മന്ത്രിമാരും മന്ത്രിസഭയില്‍ ഉണ്ടാകും.
ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വ്യാഴാഴ്ചയാണ് ബി.ജെ.പി നിയമസഭാംഗങ്ങള്‍ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വര്‍ഷത്തിനിടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബി.ജെ.പിയുടെ സഖ്യകക്ഷികളായ അപനാ ദള്‍ 12ഉം നിശാദ് പാര്‍ട്ടി ആറുസീറ്റും നേടി.