‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാര്‍വതി തിരുവോത്ത്
March 25, 2022 12:27 pm
0
കൊച്ചി: ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രവും വിവാദ പരാമര്‍ശത്തിന്റെ വീഡിയോ ലിങ്കും പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ‘ഷെയിം‘ എന്നാണ് പാര്‍വതി ഈ സ്റ്റോറിക്ക് നല്‍കിയ ക്യാപ്‌ഷന്‍. ഒപ്പം, സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ കുറിപ്പും പാര്‍വതി സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ വിനായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സാംസ്കാരിക – സിനിമാ മേഖകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ വിനായകന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എഴുത്തുകാരി ശാരദക്കുട്ടി, ഹരീഷ് പേരടി, അഖില്‍ മാരാര്‍, എം എ നിഷാദ്, ഒമര്‍ ലുലു തുടങ്ങി നിരവധി പേര്‍ വിനായകന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.