Thursday, 23rd January 2025
January 23, 2025

ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; സുപ്രധാന തീരുമാനവുമായി സംഘടന

  • March 23, 2022 11:07 am

  • 0

കൊച്ചി: നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി തീയേറ്ററുടമകളുടെ സംഘടന ഫിയോക്ക്.

നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്ബാവൂരുമാണ്. ഇരുവരെയും ആ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനായി സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനാണ് ഫിയോക്കിന്റെ തീരുമാനം. ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കും.

തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയേറ്ററുടമകള്‍ നീക്കം നടത്തുന്നുണ്ട്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്ബനിയായ വേഫെറര്‍ ഫിലിംസിനെ അടുത്തിടെ ഫിയോക്ക് വിലക്കിയിരുന്നു. താരത്തിന്റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് സംഘടന ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്.

സല്യൂട്ട് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരാര്‍ ഉണ്ടായിരുന്നതാണെന്നും അത് തെറ്റിച്ചാണ് ഒടിടിക്ക് നല്‍കിയതെന്നും ഫിയോക്ക് വ്യക്തമാക്കി. ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം. മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്ബാവൂരും ഫിയോക്ക് സംഘടനയുമായുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ പുറത്താക്കലിലേക്ക് എത്തി നില്‍ക്കുന്നത്.

2017ല്‍ ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക്ക് രൂപം കൊണ്ടത്. ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായി ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും തിരഞ്ഞെടുത്തിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഭേദഗതിയിലൂടെ മാറ്റം വരുത്താന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.