ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യംവച്ചുള്ളത്, മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഇമ്രാന്‍ ഖാന്‍
March 21, 2022 10:50 am
0
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഖൈബര്‍ പക്തുംഖ്വയിലെ മാലാഖണ്ഡില്‍ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
”ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. കൂടാതെ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ക്വാഡില്‍ അംഗവുമാണ്. എങ്കിലും അവര്‍ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്”-ഇമ്രാന്‍ പറഞ്ഞു. താനും ജനക്ഷേമം മുന്നില്‍ക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നതെന്നും ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെ ഇമ്രാന്‍ ഖാനോട് രാജിവയ്ക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്‌ലാമിക് കോ–ഓപ്പറേഷന്റെ (ഒ.ഐ.സി.) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നല്‍കണമെന്നാണ് ആവശ്യം.
പാകിസ്ഥാന്‍ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.