ഐഎസ്‌എല്ലില്‍ നാളെ കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേര്‍ക്കുനേര്‍
March 19, 2022 11:27 am
0
മുംബൈ: ഐഎസ്‌എല്‍ 2022 സീസണിലെ കലാശക്കൊട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്‌സി നേരിടും. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
അതേസമയം, കിരീട പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്ബോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളി വീതം ജയിച്ചു.