‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി
March 16, 2022 4:20 pm
0
ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ഉദ്ധരിച്ച് സോണിയ ഈ ആവശ്യം ഉന്നയിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ചെറിയ തുകക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു പ്രമുഖ സാമൂഹ മാധ്യമങ്ങളും നടത്തുന്ന സ്വാധീനവും വ്യവസ്ഥാപിതമായ ഇടപെടലും അവസാനിപ്പിക്കണം. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണ് –സോണിയ പറഞ്ഞു. ആരു ഭരിച്ചാലും ജനാധിപത്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കേണ്ടതുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.