Thursday, 23rd January 2025
January 23, 2025

ചൈനയോട് സൈനിക സഹായം തേടി റഷ്യ; ആക്രമണത്തിന് കൂട്ടുനിന്നാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

  • March 14, 2022 11:56 am

  • 0

വാഷിംഗ്‌ടണ്‍: യുക്രെയിനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക.

എന്നാല്‍ ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നേരിടാന്‍ സാമ്ബത്തിക സഹായവും റഷ്യ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഇടപാടുകള്‍ക്കായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതിലുള്ള യൂണിയന്‍ പേ, റഷ്യയുടെ മിര്‍ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന കോബാഡ്‌ജ് കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച്‌ റഷ്യന്‍ ബാങ്കുകള്‍ ചൈനീസ് ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്നാല്‍ റഷ്യ ആയുധം വാങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ അമേരിക്കയിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെന്‍ഗ്യു നിഷേധിച്ചു.

അതേസമയം, അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ചൈനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ യാങ് ജിയേചിയുമായി ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായാണ് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ്.