താന്‍ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാല്‍ ഈ അവസ്ഥയില്‍ പറ്റില്ലെന്ന് ഷൈന്‍ ടോം ചാക്കോ
March 11, 2022 3:48 pm
0
കൊച്ചി: തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായുള്ള ആരോപണത്തില്‍ പ്രതികരണവുമായി താരം.
മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ തല്ലിയെന്നായിരുന്നു ആരോപണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് പരിക്കേറ്റിരുന്നെന്നും അതിനാല്‍ അത്തരമൊരു അവസ്ഥയില്‍ ആരെയും തല്ലാന്‍ സാധിക്കില്ലെന്നുമാണ് താരം പ്രതികരിച്ചത്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ട് ഫലമുണ്ടോയെന്ന് താരം ചോദിക്കുന്നു. പുതിയ ചിത്രമായ പടയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് താരം സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ആളെ തല്ലിയതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ചോദിക്കാനുണ്ടോയെന്ന് താരം മാദ്ധ്യമപ്രവര്‍ത്തകരോടായി ചോദിച്ചു. ആളെ താന്‍ തല്ലിയതല്ലെന്നും മിനിമം കൊല്ലുകയെയുള്ളൂവെന്നും താരം പറഞ്ഞു. ഇനി താന്‍ കൊല്ലുമെന്ന് പറഞ്ഞുവെന്ന് മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും ഷൈന്‍ ടോം അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റ കാല്‍ വച്ച് തല്ലിയെന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്കത് വിശ്വസിക്കാനാകുമോയെന്നും താരം ചോദിച്ചു. താന്‍ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്നും അയാള്‍ തിരിച്ച് തല്ലിയെന്ന് തോന്നുന്നുണ്ടോയെന്നും താരം മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
കളമശേരി എച്ച് എം ഡി റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രദേശത്ത് പതിവായി സിനിമാലൊക്കേഷനില്‍ നിന്നും മാലിന്യം തള്ളിയിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. ഇത് ചോദ്യം ചെയ്യാനെത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊതുനിരത്തില്‍ മാലിന്യം ഇടുന്നതും വണ്ടി പാര്‍ക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നതും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടിയിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ടൊവിനോയും ഇടപെട്ടുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കുകയുമായിരുന്നു.