സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് ഡല്‍ഹിയിലെത്തി
March 11, 2022 1:19 pm
0
ന്യുഡല്‍ഹി: യുക്രെയ്നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് ഡല്‍ഹിയിലെത്തി.
പോളണ്ടിലെ റസെസോവയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യയിലെത്തിയത്. സുമിയില്‍ നിന്നുള്ള 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് എ.ഐ വിമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പോളണ്ടിലേക്കയച്ചിട്ടുള്ളത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ സുമിയില്‍ കനത്ത ഷെല്ലാക്രമണങ്ങളും വെടിവെപ്പുകളും നടന്നിരുന്നു. യുദ്ധം തുടങ്ങി രണ്ടാഴ്ചയോളം സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബോംബ് ഷെല്‍ട്ടറുകളിലും ഹോസ്റ്റലുകളുടെ ബേസ്‌മെന്റുകളിലുമാണ് കഴിച്ചുകൂട്ടിയിരുന്നത്. സുമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് മേല്‍ വലിയ സമര്‍ദ്ദങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് “ഓപ്പറേഷന്‍ ഗംഗ” യുടെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയതിന്‍റെ സന്തോഷം പ്രകടിപ്പിക്കുകയും രക്ഷാദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുകയും ചെയ്തു.