Thursday, 23rd January 2025
January 23, 2025

കുതിച്ചുയരാന്‍ ഒരുങ്ങി ഇന്ധന വില; 10 രൂപയോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

  • March 7, 2022 1:27 pm

  • 0

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ നികുതി കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചിരുന്നു.

81.50 രൂപയായിരുന്നു അന്ന് അസംസ്കൃത എണ്ണയുടെ വില. എന്നാല്‍ അതിന് ശേഷം രാജ്യാന്തര തലത്തില്‍ എണ്ണ വില ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഇന്ധനവില ഉയര്‍ത്തിയില്ല. തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയങ്ങളില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് വേണ്ടി എണ്ണ കമ്ബനികള്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം മുന്‍പ് മുതല്‍ ശക്തമായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഇത്തവണയും തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില വര്‍ധിക്കാതിരുന്നതെന്നാണ് വിമര്‍ശകര്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം എണ്ണ കമ്ബനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്നും ആരോപണം ഉയരുന്നു. ഉത്തര്‍പ്രദേശ്, ​ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് നടന്നത്. റഷ്യയുക്രൈന്‍ യുദ്ധത്തിന്റെ ഫലമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില 10 രൂപയോളം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എണ്ണ കമ്ബനികളുടെ നഷ്ടം ഏകദേശം അഞ്ച് രൂപയോളമാണ്. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ നിലവില്‍ വന്നാല്‍ എണ്ണ ലഭ്യത കുറയും. ഇത് വീണ്ടും വില വര്‍ധനവിന് കാരണമാകും. ഈ നഷ്ടങ്ങള്‍ പരിഹരിക്കണമെങ്കില്‍ 10 രൂപയോളം വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ബാരലിന് 130 ഡോളറാണ് നിലവിലെ ക്രൂഡ് ഓയില്‍ വില. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2008ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും വര്‍ധിക്കുന്നത്.