സെലന്‍സ്കി കൊല്ലപ്പെട്ടാലും യുക്രെയിനില്‍ കൃത്യമായ പദ്ധതിയുണ്ട്: അമേരിക്ക
March 7, 2022 12:17 pm
0
ന്യൂഡല്‍ഹി: യുക്രെയിന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കിയെ റഷ്യ വധിച്ചാലും ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ യുക്രെയിനില്‍ കൃത്യമായ പദ്ധതി തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍.
മാധ്യമപ്രവര്‍ത്തക മാര്‍ഗരറ്റ് ബ്രണ്ണന്‍റെ ഫേസ് ദ് നേഷന്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു ദിവസം യുക്രെയിനില്‍ ഉണ്ടായിരുന്നുവെന്നും യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശങ്ങള്‍ എല്ലാം ഇപ്പോള്‍ പറയാനാവില്ല. എങ്കിലും റഷ്യ സെലന്‍സ്കിയെ വധിച്ചാലും യുക്രെയിന്‍ അത്ര പെട്ടെന്ന് അനാഥമാകുമെന്നു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
12 ദിവസം മുന്പ് റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതുവരെ മൂന്നു വധശ്രമങ്ങളെ സെലന്‍സ്കി അതിജീവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലയാളി സംഘങ്ങളെക്കുറിച്ചു യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ സൂചന നല്‍കിയതുകൊണ്ട് അവ പരാജയപ്പെടുത്താന്‍ കഴിഞ്ഞു.
തന്നെ വധിക്കാന്‍ കൊലയാളി സംഘങ്ങള്‍ എത്തിയ കാര്യം യുക്രേനിയന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും സ്ഥിരീകരിച്ചിരുന്നു. യുക്രെയിന്‍ പ്രസിഡന്‍റിനെ വധിക്കാന്‍ രണ്ടു വ്യത്യസ്ത കൊലയാളി സംഘങ്ങളെ റഷ്യ അയച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വാഗ്നാര്‍ ഗ്രൂപ്പും ചെചന്‍ വിമതരും ഈ ദൗത്യമായി യുക്രെയിനില്‍ കടന്നുകയറിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, രാജ്യത്തിനു വേണ്ടി ജീവന്‍ ബലികഴിക്കാന്‍ മടിയില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സെലന്‍സ്കി. അവസാന നിമിഷം വരെ പോരാടുമെന്നും റഷ്യ രാജ്യത്തോടു ചെയ്യുന്ന ക്രൂരത മറക്കുകയും പൊറുക്കുകയും ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്ന് അടുത്തിടെ ഒരു പൊതു പ്രസംഗത്തില്‍ മിസ്റ്റര്‍ സെലെന്‍സ്‌കി പ്രതിജ്ഞയെടുത്തിരുന്നു. അതേസമയം, സംഘര്‍ഷത്തിന് അയവ് വരുത്താന്‍ യുക്രെയിനും റഷ്യയും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ച ഇന്നു നടക്കും.