യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; ആണവനിലയത്തിന് നേരെ ആക്രമണം
March 4, 2022 4:42 pm
0
യുക്രൈനില്‍ ശക്തമായ ആക്രമണം തുടര്‍ന്ന് റഷ്യ. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോറീഷ്യയിലെ ആണവ നിലയത്തിന് നേരെ വ്യോമാക്രമണം നടന്നു.
എന്നാല്‍, റിയാക്റ്ററുകള്‍ക്ക് ചോര്‍ച്ച ഇല്ലെന്ന് ശാസ്ത്രസംഘം അറിയിച്ചു. രണ്ടാം വട്ട ചര്‍ച്ചകള്‍ ബ്രെസ്റ്റില്‍ അരങ്ങേറിയത് ഏറെ പ്രതീക്ഷകള്‍ നിറച്ചാണ്. മൂന്നാം വട്ട ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് പുറമേ ഹ്യുമാനിറ്റേറിയന്‍ കൊറിഡോര്‍ ആശയത്തിലേക്കും ചര്‍ച്ച വികസിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറുണ്ടായില്ല എന്നതൊഴിച്ചാല്‍ ഏറെക്കുറെ ശുഭസൂചകമായ ചര്‍ച്ചയാണ്. എന്നാല്‍, ചര്‍ച്ചക്ക് പിന്നാലെയാണ് വീണ്ടും കടുത്ത സൈനികനീക്കവുമായി റഷ്യ മുന്നേറുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് ഇത്തവണ റഷ്യയുടെ കടുത്ത ആക്രമണത്തില്‍ കുലുങ്ങിയത്. യുക്രൈന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ എനെറോഡറിലെ സാപോറീഷ്യ ആണവനിലയത്തിന് നേരെയായിരുന്നു ആക്രമണം. തീ പടര്‍ന്നുപിടിച്ചെങ്കിലും റിയാക്റ്ററുകള്‍ക്ക് ചോര്‍ച്ച ഇല്ലെന്ന് ശാസ്ത്രസംഘം അറിയിച്ചു. ചുറ്റുമതിലിനും മറ്റും കേടുപാട് സംഭവിച്ചതായും സ്ഥിരീകരണമുണ്ട്.
യുക്രൈന്റെ ഊര്‍ജാവശ്യങ്ങളിലെ നാലിലൊന്ന് നിറവേറ്റുന്ന നിലയത്തിന് നേരെ നടന്ന ആക്രമണം യുക്രൈനെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കും. ഇത് ലക്ഷ്യമിട്ട് തന്നെയാകണം റഷ്യആക്രമണം നടത്തിയത്. വലിയ അപകടം സംഭവിക്കുന്നത് ഒഴിവാക്കി തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ച് പ്രതിസന്ധിമുനമ്ബിലേക്ക് യുക്രൈനെ തള്ളിവിടുക എന്നതാണ് റഷ്യന്‍ തന്ത്രം.
ആക്രമണത്തെ അപലപിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലിന്‍സ്‌കി രംഗത്തെത്തി. റഷ്യയുടെ സംഘടിത ആക്രമണത്തിനെതിരെ യൂറോപ്പ് ഒന്നിക്കണം. സപ്പോറീഷ്യയിലെ ആണവ റിയാക്റ്ററുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അത് ചെര്‍ണോബിലിനേക്കാള്‍ ആറ് മടങ്ങ് വലുപ്പമുള്ള ദുരന്തത്തിലേക്ക് നയിക്കുമെന്നും സെലിന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.
ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റിനെ വിളിച്ച് അനുശോചനമറിയിച്ചു. റഷ്യ ആക്രമണത്തിലൂടെ സമര്‍ദ്ദമുയര്‍ത്തുമ്ബോള്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐക്യദാര്‍ഢ്യങ്ങളുടെ ക്രോഡീകരണത്തിലൂടെ പ്രതിരോധിക്കാന്‍ തന്നെയാണ് യുക്രൈന്റെ നീക്കം.