റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല
February 25, 2022 2:02 pm
0
റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
യുക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശക്തികള്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നാറ്റോയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഇന്ത്യ നിലപാടെടുക്കുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. പ്രമേയത്തില്‍ ചില തിരുത്തലുകള്‍ ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് അവതരിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിച്ചോ എതിര്‍ത്തോ വോട്ട് ചെയ്യാതെ മാറിനില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് വിവരം. റഷ്യയെ പരസ്യമായി തള്ളിപ്പറയാന്‍ ഇന്ത്യ തയ്യാറല്ലെന്ന് സൂചന നല്‍കുന്നത് കൂടിയാണ് ഈ നിലപാട്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ച തുടരണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ചിരുന്നു. റഷ്യയുടെ കടന്നുകയറ്റത്തില്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും അറിയിച്ചിട്ടുണ്ട്.