നാളെ നാട്ടിലേക്ക്,മക്കള്‍ക്ക് മിഠായി വാങ്ങാന്‍ പോലും കാശില്ല…
November 16, 2019 12:00 pm
0
കാസര്‍കോട് സ്വദേശിയായ യുവാവ് നാട്ടില്‍ പോകുന്നതിന്റെ തലേദിവസം കൈയില്‍ മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ടപ്പോള്‍ സാമൂഹികപ്രവര്‍ത്തകര്‍ തുണയായി. പണമില്ലാത്തതിനാല്‍ മകളുടെ ശസ്ത്രക്രിയ നീളുന്നതിലുള്ള പ്രയാസവും യുവാവിനെ അലട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ തൻ്റെ മാനസികസംഘര്‍ഷം യുവാവ് സുഹൃത്തായ മനോജ് മയ്യന്നൂരിനെ ഫോണിലൂടെ അറിയിച്ചു.
മനോജ് സാമൂഹിക പ്രവര്ത്തകന് ഷിജു തിരുവനന്തപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം യുവാവിനെ തേടിപ്പിടിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും കാശില്ലാതിരുന്ന അവസ്ഥയിലായിരുന്നു യുവാവ്. തുടര്‍ന്ന് യുവാവിന്റെ മകള്‍ക്കുള്ള ചികിത്സയുടെ കാര്യത്തിനും മനോജും ഷിജുവും മുന്നിട്ടിറങ്ങി. വേറെ ചിലരും ഒന്നിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനം നല്കാന് ഹോപ് ബഹ്റൈനും തയാറായി.
വിഷയമറിഞ്ഞ യു.പി.പി നേതാക്കളായ എബ്രഹാം ജോണും എഫ്.എം. ഫൈസലും സംഘടനയുടെ ശിശുദിനാഘോഷ പരിപാടിയില്‍, യുവാവിനെ ക്ഷണിച്ചുവരുത്തി സാമ്പത്തികം സഹായം കൈമാറുകയും ചെയ്തു.സഹജീവിയെ സഹായിക്കാന്‍ കൈകള്‍ കോര്‍ത്തുപിടിക്കുന്ന പ്രവാസിസമൂഹത്തിെന്റ നന്മയുടെ ഉദാഹരണമായി യുവാവിന് ലഭിച്ച സഹായങ്ങള്‍.
മുന്‍കൂര്‍ തീരുമാനിച്ചപ്രകാരം വെള്ളിയാഴ്ച വൈകുന്നേരം യുവാവ് നാട്ടിലേക്ക് പോവുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന യുവാവിന് മറ്റൊരു ജോലിക്കുള്ള വാഗ്ദാനവും സാമൂഹികപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്.