സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം
November 16, 2019 11:00 am
0
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണര്‍ന്നത്. ഈ ഇനത്തില്‍ എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വി സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി. സ്വര്‍ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കോഴിക്കോടിനാണ്. കട്ടിപ്പാറ എച്ച്.എഫ്.എസ്.എസ്.എസിലെ സനിക സ്വര്‍ണവും അതേ സ്‌കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി.
98 ഇനങ്ങളിലായി 1904 കായികതാരങ്ങള്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു പതാക ഉയര്‍ത്തും. വൈകിട്ട് 3.30-ന് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. ഒളിമ്പ്യന്‍മാരായ പി.ടി.ഉഷ, എം.ഡി.വത്സമ്മ, ബോബി അലോഷ്യസ്, ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവരെയും വി.കെ.വിസ്മയയെയും ചടങ്ങില്‍ ആദരിക്കും.
കായികോത്സവം ചൊവ്വാഴ്ച സമാപിക്കും. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ യോഗ്യത നേടുന്നവരാണ് പഞ്ചാബില്‍ ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ദേശീയ സ്‌കൂള്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക.