Thursday, 23rd January 2025
January 23, 2025

മന്‍മോഹന്‍ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിര്‍മലാ സീതാരാമന്‍

  • February 18, 2022 10:34 am

  • 0

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയെ സാമ്ബത്തികമായി പിറകോട്ടു നടത്തിയെന്നും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിച്ചെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.

കേന്ദ്രസര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മലാ വിമര്‍ശനം നടത്തിയത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ പിറകോട്ട് വലിക്കാന്‍ യുപിഎ ശ്രമിച്ചെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്തുള്ള മന്‍മോഹന്റെ പ്രതികരണം രാജ്യത്തെ പിന്നാക്കമാക്കുന്നതാണെന്നും ധനകാര്യമന്ത്രി ആരോപിച്ചു.

മോദിയുടെയും സിങിന്റെയും കാലത്തെ പണപ്പെരുപ്പവും വിദേശനിക്ഷേപവും താരതമ്യം ചെയ്ത മന്ത്രി മന്‍മോഹന്റെ കാലത്ത് 22 മാസം പണപ്പെരുപ്പം രണ്ട് അക്കത്തിലായിരുന്നുവെന്നും മൂലധനം വിദേശത്തേക്ക് പോയെന്നും കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ പേരില്‍ മോദി സര്‍ക്കാറിനെ ആക്രമിക്കുന്നവര്‍ ആശയക്കുഴപ്പം പരത്തുകയാണെന്നും അവര്‍ ആരോപിച്ചു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുന്നുണ്ടെന്നും അതുകൊണ്ടാണ് യുപിഎ കാലത്തേക്കാള്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

സാമ്ബത്തിക നയങ്ങളെ കുറിച്ച്‌ സര്‍ക്കാറിന് വലിയ ധാരണയില്ലെന്ന് നേരത്തെ മന്‍മോഹന്‍സിങ് തുറന്നടിച്ചിരുന്നു. ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോഴും സര്‍ക്കാര്‍ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്നത്തെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് കാലത്തെ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം സാമ്ബത്തിക രംഗം ചുരുങ്ങി. വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രോഷമുണ്ട്. എന്നാല്‍ ഏഴു വര്‍ഷം ഭരിച്ചിട്ടും സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താതെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പടുത്തുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചരിത്രത്തെയോ രാജ്യത്തെയോ കുറ്റപ്പെടുത്തി നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല.’ – മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പണക്കാര്‍ പണക്കാരും ദരിദ്രര്‍ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ മൂലമാണിത്. വിദേശ നയങ്ങളിലും സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണ്. അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രാഷ്ട്രീയ നേതാക്കള്‍ ആലിംഗനം ചെയ്തതു കൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതു കൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാകില്ല. വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണ്. പാലിക്കാന്‍ പ്രയാസവും‘ – മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.