യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ
February 16, 2022 4:00 pm
0
കീവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ.
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു.
പരിശീലനങ്ങള്‍ക്കുശേഷം സതേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റ് യൂനിറ്റിലെ സൈനികര്‍ സേനാ ക്യാംപുകളിലേക്ക് മടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട് ചെയ്തു. സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങള്‍ സര്‍കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ടാങ്കുകള്‍, യുദ്ധ വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ക്രൈമിയയില്‍നിന്ന് തിരിച്ചെത്തിക്കുകയാണ്.
അതേസമയം, യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്ന് പ്രതികരിച്ച് വ്‌ളാഡിമര്‍ പുടിന്റെ അറിയിപ്പിന് പിന്നാലെ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. റഷ്യ സൈന്യത്തെ പിന്‍വലിച്ചുവെന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്നും റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക തയാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരികയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.
ഇതിനിടെ റഷ്യ–യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്‍ഡ്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്. ഇന്‍ഡ്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.