Thursday, 23rd January 2025
January 23, 2025

സുരക്ഷാ ഭീഷണിയെന്ന്; 54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം

  • February 14, 2022 12:31 pm

  • 0

ന്യൂഡല്‍ഹി: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് കണ്ടതിനെ തുടര്‍ന്ന് 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

വിവാ വിഡിയോ എഡിറ്റര്‍, ആപ് ലോക് തുടങ്ങി ഏറെ പ്രചാരമുള്ള ആപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.

സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി കാമറ, ഗരേന ഫ്രീ ഫയര്‍ഇല്യൂമിനേറ്റ്, വിവ വിഡിയോ എഡിറ്റര്‍, ടെന്‍സെന്‍റ് ക്സ്രിവെര്‍, ഓന്‍മ്യോജി അരീന, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്പേസ് ലൈറ്റ് തുടങ്ങി 54 ആപ്പുകളാണ് നിരോധിച്ചത്. ഫോണുകളിലെ വിവിധ അനുമതികള്‍ നേടിയെടുക്കുന്ന ഈ ആപ്പുകള്‍ സെന്‍സിറ്റീവായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതായും ഇത് ദുരുപയോഗങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് മാറ്റുകയും ചെയ്യുന്നതായി ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഈ ആപ്പുകള്‍ തടയാന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്ത് ഏറെ പ്രചാരമുണ്ടായിരുന്ന ടിക്ടോക്, വിചാറ്റ്, യു.സി ന്യൂസ്, പബ്ജി തുടങ്ങിയ ആപ്പുകളാണ് അന്ന് നിരോധിക്കപ്പെട്ടത്. ഗല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇതിന് ശേഷവും പല സാഹചര്യങ്ങളിലായി ആപ്പുകള്‍ സുരക്ഷാ ഭീഷണിയാണെന്ന് വിലയിരുത്തി നിരോധിച്ചിട്ടുണ്ട്. 2020 നവംബറില്‍ 43 ആപ്പുകളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 118 ചൈനീസ് ആപ്പുകളും നിരോധിച്ചു.