ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി
February 14, 2022 10:09 am
0
ലക്‌നൗ: കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് വിമർശിച്ച യോഗി കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും ആവർത്തിച്ചു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന.
ഉത്തർ പ്രദേശിലെ ആദ്യഘട്ട വോട്ടടുപ്പിന് മുന്നോടിയായും കേരളത്തിനെതിരെ യോഗി വിവാദ പ്രസ്താവന നടത്തിയിരുന്നു.
വോട്ടർമാർക്ക് പിഴവു സംഭവിച്ചാൽ ഉത്തർപ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ അന്നത്തെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണ, പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ലോകം മാതൃകയായി കാണുന്ന കേരളത്തിനൊപ്പമെത്താൻ യു.പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വർഗീയരാഷ്ട്രീയത്തിന് വളരാനാകാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹികാടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ സ്ഥലമാണ്. കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക അവരുടെ അജൻഡയാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശമെന്നും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു