Thursday, 23rd January 2025
January 23, 2025

യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രൈന്‍ വിടണം; ജോ ബൈഡന്‍

  • February 11, 2022 12:01 pm

  • 0

വാഷിങ്ടന്‍: യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്.

വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം‘, ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു.

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായിനിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ ഒഴുക്കുവര്‍ധിച്ചതായുംഅദ്ദേഹം പറഞ്ഞു.

ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം. വടക്കന്‍ അതിര്‍ത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ നിര്‍ദേശമുണ്ടെന്നും യുക്രൈനുമേല്‍ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.