Tuesday, 22nd April 2025
April 22, 2025

വസ്ത്രധാരണം സ്ത്രീയുടെ അവകാശം; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

  • February 9, 2022 11:57 am

  • 0

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്.

ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടര്‍ന്ന് ദാവന്‍കര, ശിമോഗ എന്നിവടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്കൂള്‍, കോളേജുകള്‍ക്ക് മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് കെ. നവദാഗി കര്‍ണാടക സര്‍ക്കാരിനു വേണ്ടിയും വാദങ്ങള്‍ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.