വാക്സിന്‍ സ്വീകരിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു, ആയിരം കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍
February 2, 2022 1:12 pm
0
മുംബയ്: കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം മകള്‍ മരിച്ചു എന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയില്‍.
മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുമായി ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത് എന്ന പിതാവ് ആവശ്യപ്പെടുന്നത്.
നാസിക്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ സ്‌നേഹല്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നതായി ഹര്‍ജിക്കാരനായ ദിലീപ് ലുനാവത് വ്യക്തമാക്കി. 2021 ജനുവരി 28നാണ് മകള്‍ വാക്സിന്‍ എടുത്തത്. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം മകള്‍ മരിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായിയാണ് മകള്‍ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. വാക്സിന്‍ സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്‌നേഹലിന് ഉറപ്പുനല്‍കിയിരുന്നു. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവരുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.