Tuesday, 22nd April 2025
April 22, 2025

ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 വിന് വ്യാപനശേഷി കൂടുതല്‍

  • January 28, 2022 3:49 pm

  • 0

ന്യൂഡല്‍ഹി: ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലായ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് അതിന്റെ ഉപവകഭേദമായ ബിഎ.2 വിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടത്തിയ ജെനോം സീക്വന്‍സിങ് അനുസരിച്ച്‌ രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറില്‍ 1292 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയത്. 2022 ജനുവരിയില്‍ ഇതുവരെ 9672 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു.

വാക്സിന്‍ എടുക്കാത്തവരാണ് ഡല്‍ഹിയിലെ മരണസംഖ്യയില്‍ 64 ശതമാനവും. എഷ്യയിലും യൂറോപ്പിലുമാണ് ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ബിഎ.2 ഉപവകഭേദമാണെന്നതിന് സ്ഥിരീകരണമില്ലെന്നും എന്നാല്‍ വ്യാപന ശേഷി കൂടുതലാണെന്നും സുജീത് സിങ് പറയുന്നു.