വിദ്യാർഥികൾക്കും യുവാക്കൾക്കും വ്യാപകമായി എംഡിഎംഎയും മറ്റ് ലഹരിവസ്തുക്കളും വിതരണം ചെയ്തുവന്ന കേസിൽ കോളേജ് ഗസ്റ്റ് അധ്യാപകനും സംഘവും ഇന്ന് പൊലീസ് പിടിയിലായി. മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ ഉൾപ്പെടെ നാല് പേരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്.
ഇന്നലെ നിലമ്പൂർ ഭാഗത്ത് നടത്തിയ ശക്തമായ ലഹരിവേട്ടക്കിടെ സുബ്രഹ്മണ്യൻ എന്നയാളിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിലുമാണ് അധ്യാപകനായ സുഹൈലിലേക്കും കൂട്ടുപ്രതികളായ വിവേക് വിജയൻ, ടി.എൻ. റീന എന്നിവരിലേക്കും അന്വേഷണം എത്തിയത്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽ നിന്ന് ലഹരിമരുന്ന് വാങ്ങി കോളേജ് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും ഇയാൾ വിൽപന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് എംഇഎസ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു മുഖ്യപ്രതിയായ സുഹൈൽ. താൻ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലേക്കും വിദ്യാർഥികളിലേക്കും ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. നാടിനെയാകെ ഞെട്ടിച്ച ഈ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.