ഡൽഹിയിലെ സ്വരൂപ് നഗറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് പിടികൂടി. 19 വയസ്സുകാരനായ ശിവം ഗണേഷും 16-ഉം 17-ഉം വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പ്രായപൂർത്തിയാകാത്തവരുമാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെൺകുട്ടി തൻ്റെ സുഹൃത്തായ 17-കാരനെ കാണാൻ പോയപ്പോഴാണ് അതിക്രൂരമായ കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറയുമെന്ന് ഭയന്ന ഇവർ, പെൺകുട്ടിയെ വയലിൽ കൊണ്ടുപോയി എട്ടിലധികം തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇലകളും മണ്ണും ഉപയോഗിച്ച് മൂടാൻ ശ്രമിച്ചു.
തുടർന്ന് ഞായറാഴ്ച രാവിലെയാണ് കുശക് റോഡിന് സമീപത്തെ വയലിൽ അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും ശരീരവും വികൃതമാക്കപ്പെട്ട നിലയിലായിരുന്ന മൃതദേഹത്തിൻ്റെ ചില ഭാഗങ്ങൾ തെരുവ് നായകൾ ഭക്ഷിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായതായും ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും വ്യക്തമായിട്ടുണ്ട്.