വയനാട്ടിലെ വീട്ടിൽ നിന്ന് അനധികൃതമായി വൻതോതിൽ മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, അദ്ദേഹത്തെ റിമാൻഡിൽ തുടരാൻ ഉത്തരവിട്ടു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിവാദങ്ങളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടയിലാണ് കണക്കിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് വകുപ്പിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററിലധികം മദ്യമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതിൽ വിദേശമദ്യവും വൈനും മിലിട്ടറി കാന്റീൻ മദ്യവും കൂടാതെ, അനധികൃതമെന്ന് സംശയിക്കുന്ന 12.7 ലിറ്റർ ലായനിയും ഉൾപ്പെടുന്നു.
കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് എത്തിയ വയനാട് എക്സൈസ് സംഘം ഇന്നലെ പുലർച്ചെയോടെയാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ബത്തേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും സംഭവസമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും കേസിന്റെ ഗൗരവവും കണക്കിലെടുത്ത കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.