Thursday, 23rd January 2025
January 23, 2025

രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചു

  • December 24, 2021 1:55 pm

  • 0

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ചു. 30 വര്‍ഷത്തെ ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോള്‍ ലഭിച്ചത്.

അമ്മയെ പരിചരിക്കാനായി 30 ദിവസം പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവരത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നളിനിയുടെ അമ്മ പത്മ, ആരോഗ്യ വിവരങ്ങള്‍ ഹര്‍ജിയിലുള്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഹര്‍ജി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.

2016ലാണ് ആദ്യമായി നളിനി പരോളില്‍ ഇറങ്ങിയത്. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ സമയം നളിനിക്ക് അനുവദിച്ചിരുന്നു. പിന്നീട് മകള്‍ ഹരിത്രയുടെ വിവാഹത്തിനായി 2019 ജൂലൈ 25 മുതല്‍ 51 ദിവസം നളിക്ക് പരോള്‍ ലഭിച്ചു. രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ നളിനിയും പേരറിവാളനും ഉള്‍പ്പെടെ ഏഴ് പേര്‍ മുപ്പത് വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. ഇവരെ വിട്ടയക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഗവര്‍ണര്‍ ഈ തീരുമാനത്തെ നിഷേധിച്ചു. മാനുഷിക പരിഗണന നല്‍കി ഏഴ് പേരെയും വിട്ടയക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.