ഇന്ത്യയുടെ ധീരപുരുഷൻ അഭിനന്ദന്‍ വര്‍ദ്ധമാൻ വീര്‍ ചക്ര ഏറ്റുവാങ്ങി, പുരസ്കാരം ലഭിച്ചത് യുദ്ധ മുഖത്ത് പാകിസ്ഥാനെ വിറപ്പിച്ച ധീരതയ്ക്ക്
November 22, 2021 12:37 pm
0
ന്യൂഡൽഹി:ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദന്‍ വര്‍ദ്ധമാൻ വീര്‍ ചക്ര ബഹുമതി സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാകിസ്ഥാനിലെ ബലാകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ നിരുപാധികം പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ ധീരപുരുഷനായത്.
വർദ്ധമാന് പുറമേ ജമ്മുകാശ്മീരിൽ തീവ്രവാദികളെ തുരത്തിയ സാപ്പർ പ്രകാശ് ജാദവിന് കീർത്തി ചക്ര (മരണാനന്തരം) സമ്മാനിച്ചു. മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിന് ശൗര്യ ചക്രയും (മരണാനന്തരം), നായിബ് സുബേദാർ സോംബിറിന് ശൗര്യ ചക്രവും നൽകി. മുൻ കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട.), എൻജിനീയർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ്, ദക്ഷിണ നാവികസേനാ കമാൻഡർ വൈസ് അഡ്മിറൽ അനിൽ ചൗള എന്നിവർ പരം വിശിഷ്ട സേവാ മെഡലും ഈസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ ദിലീപ് പട്നായിക്ക് അതിവിശിഷ്‌ട് സേവാ മെഡലും ഏറ്റുവാങ്ങി.