ജസ്റ്റിസ് ബി.വി നാഗരത്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും
August 18, 2021 10:38 am
0
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.വി നാഗരത്ന 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നതിന് ഒമ്ബത് ജഡ്ജിമാരുടെ പേര് ശിപാര്‍ശ ചെയ്തു. ഇതില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. നിലവില്‍ കര്‍ണാടക ഹൈകോടതിയില്‍ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി നാഗരത്ന.
ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് ബേല ത്രിവേദിയുമാണ് ശിപാര്‍ശകളുടെ പട്ടികയിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാര്‍. യഥാക്രമം തെലങ്കാന ഹൈകോടതിയിലും ഗുജറാത്ത് ഹൈകോടതിയിലും ജഡ്ജിമാരായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍.
ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നതിന് മുമ്ബ് ‘ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു‘ എന്ന് അഭിപ്രായപ്പെട്ടിരുന്നു.
1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2008 ലാണ് കര്‍ണാടക ഹൈകോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി.