ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’ ട്വിറ്റര്‍ നീക്കി; കാരണം തിരക്കി 8.2 ദശലക്ഷം ഫോളോവേഴ്സ്
August 6, 2021 6:42 pm
0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘ബ്ലൂ ടിക്‘ ട്വിറ്റര്‍ നീക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല.
സോഷ്യല്‍ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കാനാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘ബ്ലൂ ടിക്ക്‘ നല്‍കുന്നത്. നീല ബാഡ്ജ് ലഭിക്കുന്നതിന് വ്യക്തിയുടെ അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.
താരത്തിന്‍റെ അക്കൗണ്ട് ഏറെക്കാലമായി സജീവമല്ലാത്തത് കാരണമായിരിക്കാം ബ്ലൂ ടിക്ക് ഒഴിവാക്കിയതെന്നാണ് സൂചന. 2021 ജനുവരി എട്ടിനായിരുന്നു ഈ അക്കൗണ്ടില്‍ നിന്ന് അവസാന ട്വീറ്റ്. വെരിഫിക്കേഷനായി ആറ് മാസത്തിലൊരിക്കല്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യണമെന്നാണ് ട്വിറ്ററിന്‍റെ നയം. എം.എസ്.ഡിക്ക് ട്വിറ്ററില്‍ 8.2 ദശലക്ഷം േഫാളോവേഴ്സ് ഉണ്ട്.
2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് കളിക്കുന്നത്. സെപ്റ്റംബറില്‍ യു.എ.ഇയില്‍ പുനരാരംഭിക്കാന്‍ പോകുന്ന ഐ.പി.എല്ലിലൂടെ ധോണി വീണ്ടും കളിക്കളത്തില്‍ എത്തും.