ശബരിമലയിൽ കനത്ത ജാഗ്രതാ നിര്‍ദേശം
November 11, 2019 4:00 pm
0
ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഇവർ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു.
സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നു. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവികൾ തീരദേശത്തു ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. നാലു ഘട്ടങ്ങളിലായുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദർവേഷ് സാഹേബ് ഐപിഎസിനാണ്.
ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡു വഴി സന്നിധാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങൾ പരിശോധിക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാൻറ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയിൽ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓർഡിനേറ്റർ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫിസർ. എമർജൻസി ലാൻഡിങിനായി നിലയ്ക്കൽ ഹെലിപ്പാട് ഉപയോഗിക്കും.
അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനു കൂടുതൽ തുറന്ന സ്ഥലങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലപൂജയ്ക്കായി 16–ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 11നാണ് ചന്ദനക്കുടം ആഘോഷം. 12ന് പേട്ടതുള്ളൽ. 15ന് മകരവിളക്ക് കഴിഞ്ഞശേഷം 20 ന് നട അടയ്ക്കും