ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തര്‍
June 21, 2021 5:28 pm
0
ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ പൂര്‍ണമായും കോവിഡ് – 19 പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആരാധകരെ മാത്രമേ ഖത്തര്‍ അനുവദിക്കുകയുള്ളൂവെന്നും ആഗോളവ്യാപകമായുള്ള രോഗപ്രതിരോധ ശ്രമങ്ങളുടെ ഭാഗമായുള്ള വാക്സിനേഷന്‍ പ്രോഗ്രാം ഫലപ്രദമല്ലെങ്കില്‍ ഒരു ദശലക്ഷം ഡോസുകള്‍ നേടാനുള്ള ചര്‍ച്ചകളിലാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
2022 നവംബറില്‍ ഗള്‍ഫ് അറബ് സ്റ്റേറ്റ് നാലാഴ്ച നീളുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുകയാണ്. ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും വിരാമമിട്ട് ലോക ജനതയ്ക്ക് ആവേശമാകാന്‍ കാല്‍പന്തുകളിക്ക് ഇനി നാളുകള്‍ മാത്രം. ഗ്ലോബല്‍ ഫുട്ബോള്‍ ബോഡി – ഫിഫയുടെ പ്രസിഡന്റ് മത്സരങ്ങള്‍ മുഴുവന്‍ ആരാധകര്‍ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ നടക്കുമെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.
പ്രസ്തുത സമയത്തിനകം മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും വിജയകരമായ ഫുട്ബോള്‍ മാമാങ്കം ഉറപ്പാക്കാനുള്ള നടപടികള്‍ ഖത്തര്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പത്രങ്ങളോട് പറയുകയുണ്ടായി.
‘ഖത്തറിലേക്ക് വരുന്നവരില്‍ ചിലര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും അതിലൂടെ ഇമ്മ്യൂണൈസേഷന്‍ ഉറപ്പാക്കാനും ഒരു ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകള്‍ ലഭ്യമാക്കുന്നതിന് ഞങ്ങള്‍ നിലവില്‍ ഒരു കമ്ബനിയുമായി ചര്‍ച്ച നടത്തുന്നുണ്ട്‘ – അദ്ദേഹം ഞായറാഴ്ച വൈകിട്ട് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ക്യു എന്‍ എയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി.
പ്രസ്തുത വാക്സിനുകള്‍ എങ്ങനെ നല്‍കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും മിക്ക കൊറോണ വൈറസ് വാക്സിനുകള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണെന്നത് ഒരു വസ്തുതയാണ്. ലോകമെമ്ബാടും പടര്‍ന്നു പിടിച്ചിരിക്കുന്ന പ്രസ്തുത മഹാമാരിയെ ഫലപ്രദമായി ചെറുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ് ലോകമെമ്ബാടും ആവേശം പരത്തുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരം ആസന്നമാകുന്നത്.
കൊറോണ വൈറസ് രഹിത ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിനകം പ്രതിരോധ കുത്തിവെപ്പ് ലഭ്യമാകാത്തവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഖത്തര്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ പൗരന്മാര്‍ക്കും അവിടെ താമസമാക്കിയവര്‍ക്കും ഖത്തര്‍ ഫൈസര്‍ – ബയോ ടെക്, മോഡേണ വാക്സിനുകള്‍ കുത്തി വയ്ക്കുകയാണ്. റോയിട്ടേഴ്‌സ് കോവിഡ് – 19 ട്രാക്കറിന്റെ കണക്കനുസരിച്ച് ഇതിനകം തന്നെ കുറഞ്ഞത് 2.8 ദശലക്ഷം ഡോസുകള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇത് ജനസംഖ്യയുടെ 50.8% പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ പര്യാപ്തമാണെന്നും ട്രാക്കര്‍ വ്യക്തമാക്കുന്നു.
ഈ വരുന്ന ഡിസംബറില്‍ ദോഹ ആതിഥേയത്വം വഹിക്കുന്ന 2021 അറബ് കപ്പ്, പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പ് എത്രത്തോളം ഫലപ്രദമാണെന്ന വസ്തുത പ്രതിഫലിപ്പിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.
2022ലെ ലോകകപ്പിന്റെ അവസാന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയം ഉള്‍പ്പെടെ മൂന്ന് സ്റ്റേഡിയങ്ങളില്‍ പണി തുടരുന്നതായും മറ്റ് ധാരാളം സ്റ്റേഡിയങ്ങളില്‍ 90% പണി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.