Sunday, 26th January 2025
January 26, 2025

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ശാസ്ത്രജ്ഞര്‍

  • June 16, 2021 12:37 pm

  • 0

ന്യൂഡല്‍ഹി: കോവിഡ് ആസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍(എന്‍.ടി..ജി.) മൂന്ന് അംഗങ്ങള്‍ രംഗത്തെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഷില്‍ഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള ആറ് മുതല്‍ എട്ട് വരെ ആഴ്ചകളില്‍ നിന്ന് 12 മുതല്‍ 16 വരെ ആഴ്ചകളായി പരിഷ്ക്കരിച്ചുകൊണ്ട് മെയ് 13നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയും എന്നാല്‍ വാക്സിന്‍ ലഭ്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇതെന്നാണ് ആരോപണം.

നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍(എന്‍.ടി..ജി.) നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടവേള വര്‍ധിപ്പിച്ചത് എന്നായിരുന്നു ആരോഗ്യമന്ത്രാലയം നല്‍കിയ വിശദീകരണം. ഇത്തരം ശിപാര്‍ശ നല്‍കുന്നതിനുള്ള ആധികാരിക വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് എന്‍.ടി..ജി.ഐ ശാസ്ത്രജ്ഞര്‍ പറഞ്ഞു. സംഘത്തിലെ 14 ശാസ്ത്രജ്ഞരില്‍ മൂന്ന് പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്.

എട്ടു മുതല്‍ 12 ആഴ്ചവരെയായിരുന്നു ഞങ്ങള്‍ ശിപാര്‍ശ ചെയ്തത്. 12 മുതല്‍ 16 വരെ എന്നത് സര്‍ക്കാറിന്‍റെ തീരുമാനമാണ്. ഇത് ശരിയാകാം , അല്ലാതെയുമാകാം. ഞങ്ങള്‍ക്ക് അതേക്കുറിച്ച്‌ അറിയില്ല. – എപ്പിഡെമിയേളജി ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായ എം.ഡി ഗുപ്ത പറഞ്ഞു.

അതേസമയം, ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ കോവിഡ് 19 വര്‍ക്കിങ് ഗ്രൂപ് തലവന്‍ എന്‍.കെ അറോറ വിസമ്മതിച്ചു.