കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 70,421 പേര്‍ക്ക് രോഗം
June 14, 2021 10:36 am
0
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടുകയാണ് ഇന്ത്യ. നാല് ലക്ഷം വരെയെത്തിയ പ്രതിദിന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴേക്കാണ് രോഗികളുടെ എണ്ണം പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70421 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,19,501 പേര്‍ രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യയില്‍ ഇപ്പോഴും ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 3921 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന മരണസംഖ്യ ആറായിരത്തിന് മുകളില്‍ വരെ എത്തിയിരുന്നു. ആഗോള തലത്തില്‍ തന്നെ രാജ്യത്ത് ഇത്രയുമധികം മരണങ്ങള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
രാജ്യത്ത് ഇതുവരെ 2,95,10,410 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,74,305 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പത്ത് ലക്ഷത്തിന് താഴെയെത്തി. 9,73,158 പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 8000ത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 38.18 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി കടന്നു.